അർബുദ രോഗം മൂലം അകാലത്തിൽ വിട പറഞ്ഞ ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാലിന്റെ വിയോഗത്തിനുശേഷം സംസാരിച്ച് നടി സീമ ജി. നായർ. ഏറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവച്ചാണ് സിദ്ധാർഥ് യാത്രയായതെന്ന് സീമ പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഐവർമഠത്തിൽ നിന്ന് മടങ്ങുമ്പോഴാണ് കഴിഞ്ഞ രണ്ട് വർഷത്തെ വേദനിപ്പിക്കുന്ന ഓർമ്മകൾ സീമ ജി. നായർ ‘വനിത ഓൺലൈനോട്’ പങ്കുവെച്ചത്. സിദ്ധാർത്ഥിനെ ബാധിച്ചത് ‘ന്യൂറോ എൻഡോക്രൈൻ കാർസിനോമ’ എന്ന അതീവ ഗുരുതരമായ കാൻസർ ആയിരുന്നുവെന്നും, മികച്ച ചികിത്സകൾ നൽകിയിട്ടും ആ ജീവൻ രക്ഷിക്കാനായില്ലെന്നും സീമ പറഞ്ഞു.
രണ്ട് വർഷം മുൻപ് വയറുവേദനയോടെയാണ് രോഗം തുടങ്ങിയതെന്നും, ഗ്യാസ്ട്രബിൾ ആണെന്ന് കരുതിയിരുന്ന രോഗം കാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ നടൻ അരുൺ ഘോഷ് വഴിയാണ് താൻ സിദ്ധാർത്ഥിനെ പരിചയപ്പെട്ടതെന്നും സീമ ഓർത്തെടുത്തു. മുൻപ് പരിചയമില്ലാതിരുന്നിട്ടും ഡോക്ടറെ കാണാൻ സിദ്ധാർത്ഥിനൊപ്പം പോയ ആ യാത്ര അവന്റെ മരണം വരെ തുടർന്നു എന്ന് അവർ സങ്കടത്തോടെ പറഞ്ഞു.