
ലോറിയും ഡ്രൈവറും പിടിയിൽഓണക്കാലത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് ശക്തമാക്കിയ പരിശോധനയിൽ പയ്യന്നൂരിൽ വച്ച് വൻ സ്പിരിറ്റ് വേട്ടയാണ് നടന്നത്. കർണാടക രജിസ്ട്രേഷനിലുള്ള (KA 09 A 7095 നമ്പർ) ലോറിയിൽ ഉമി നിറച്ച ചാക്കുകൾക്കടിയിൽ 35 ലിറ്ററിൻ്റെ 200 കന്നാസുകളിലായി7000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറും അടൂര് സ്വദേശിയുമായ അഖിലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം എക്സൈസ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത്ത് കുമാറിന്ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 1 മണിയോടെ പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘത്തിനുംവാഹനം പയ്യന്നൂർ പെരുമ്പയിൽ വെച്ച് പിടികൂടാനായത്.മംഗലാപുരത്തുനിന്ന് ലോഡ് ചെയ്ത സ്പിരിറ്റ് എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഓണക്കാലത്തെ വ്യാജ മദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് സ്പിരിറ്റ് കടത്തിയതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. സജിത് കുമാർ, എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് എൻ എന്നിവർ അറിയിച്ചു.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കുറിച്ചും സ്പിരിറ്റ് എത്തിക്കാൻ ഉദ്ദേശിച്ച കേന്ദ്രങ്ങളെക്കുറിച്ചും എക്സൈസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.